#Msone Release - 3704 (Series)
The Dinosaurs Season 01 (2026) ദ ഡൈനോസേർസ് സീസൺ 01 (2026)
പരിഭാഷ: സാരംഗ് ടി.കെ പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Amblin Documentaries ജോണർ: ഡോക്യുമെന്ററി, ഹിസ്റ്ററി
IMDb : 7.5 (PG-13)
2026-ൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ‘ദ ഡൈനോസോർസ്’ എന്ന മിനിസീരീസ് കാലഘട്ടങ്ങളെ പിന്നിലാക്കുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ്. സ്റ്റീഫൻ സ്പിൽബർഗിന്റെ നിർമാണ മികവിൽ പിറവിയെടുത്ത, നാല് അധ്യായങ്ങളുള്ള ഈ പരമ്പരയ്ക്ക് ഇതിഹാസ താരം മോർഗൻ ഫ്രീമാന്റെ ഗംഭീര ശബ്ദം ജീവനേകുന്നു. ഇത് കേവലം ഒരു ഡൈനോസർ കഥയല്ല, മറിച്ച് ഭൂമിയുടെ ആദിമ തുടിപ്പുകളുടെ വിസ്മയ ചരിത്രമാണ്.ഇതിനുമുമ്പ് നമ്മൾ കേട്ടറിഞ്ഞിട്ടില്ലാത്ത, മാനുഷിക സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള ഒരു ലോകമാണിത്.
‘ജുറാസിക് പാർക്ക്’ സിനിമകളിൽ മനുഷ്യന്റെ ലോകത്തേക്ക് കടന്നുവരുന്ന കൃത്രിമ ജീവികളെയാണ് നമ്മൾ കണ്ടിട്ടുള്ളതെങ്കിൽ, ഇവിടെ നമ്മൾ ചുവടുവെക്കുന്നത് മൺമറഞ്ഞുപോയ അവയുടെ യഥാർത്ഥ സാമ്രാജ്യത്തിലേക്കാണ്. ഇരയും ഇരപിടിയനും ഒരുപോലെ നമുക്ക് അന്യമായ കാലം! അന്ന് ഭൂമിയിലെ വൻകരകളും ആഴക്കടലുകളും മണ്ണും വായുവും പോലും ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. മൺമറഞ്ഞുപോയ ആ അത്ഭുത പ്രപഞ്ചം ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ പുനർജനിക്കുമ്പോൾ, മോർഗൻ ഫ്രീമാന്റെ കാന്തിക ശബ്ദം അതിനെ കൂടുതൽ ഹൃദ്യവും ആസ്വാദ്യകരവുമാക്കുന്നു.
ജീവന്റെ സുവർണ്ണകാലമെന്ന് വിശേഷിപ്പിക്കാവുന്ന ട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് യുഗങ്ങളിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. ‘പാൻജിയ’ എന്ന മഹാഭൂഖണ്ഡത്തിന്റെ രൂപീകരണവും അതിന്റെ വിഭജനവും, ലക്ഷക്കണക്കിന് വർഷങ്ങൾ നിർത്താതെ പെയ്തു ഭൂമിയെ പ്രളയത്തിലാഴ്ത്തിയ ‘കാർണിയൻ’ പെരുമഴക്കാലവും, അത്യുഗ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങളും, ഒടുവിൽ ക്രിറ്റേഷ്യസ് യുഗാവസാനത്തിലുണ്ടായ ഉൽക്കാപതനവും വരെ നീളുന്ന പ്രകൃതിയുടെ മഹാശക്തികൾ ഡൈനോസറുകളുടെ സുദീർഘമായ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഇതിൽ ദൃശ്യവൽക്കരിക്കുന്നു.
ആദ്യകാല ഉരഗവർഗ്ഗങ്ങൾ മുതൽ യുഗാവസാനത്തിലെ ഭീമാകാരന്മാരായ ടി-റെക്സുകൾ വരെയുള്ളവയുടെ ജീവിതയാത്ര അത്ഭുതമുണർത്തുന്ന ഒന്നാണ്. അതോടൊപ്പം, ഭൂമിയെ പൂർണ്ണമായും കീഴടക്കിയെന്ന മിഥ്യാധാരണയിൽ അഹങ്കരിക്കുന്ന മനുഷ്യവർഗ്ഗത്തിന് ഇതൊരു വലിയ പാഠം കൂടിയാണ്. പ്രകൃതിശക്തികൾക്ക് മുന്നിൽ ഏതൊരു മഹാസാമ്രാജ്യവും തുച്ഛമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ